മണ്ണിന്റെ ഗന്ധം നിറഞ്ഞ കഥകളും നോവലുകളുമായി മലയാളസാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചുനടത്തിയ കുട്ടനാടിന്റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപ്പിള്ള ഓര്‍മയായിട്ട്‌ കാല്‍നൂറ്റാണ്ട്‌. സ്വന്തം അനുഭവങ്ങളുടെ ഭൂമികയില്‍ നിന്ന്‌ ലാളിത്യമാര്‍ന്ന രചനകളുമായി അനുവാചക ഹൃദയങ്ങള്‍ കീഴടക്കിയ തകഴി അടയാളപ്പെടുത്തിയതൊക്കെയും സ്വന്തം കാലത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ലോകസാഹിത്യത്തില്‍ തന്നെ തന്റേതായ ഇടം കണ്ടെത്തിയ അദ്ദേഹം 1999 ഏപ്രില്‍ 10നാണ്‌ അരങ്ങൊഴിഞ്ഞത്‌. ഏപ്രില്‍ മാസത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനവും.
1912 ഏപ്രില്‍ 17-ന്‌ പൊയ്‌പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റെയും പടഹാരം അരിപ്പുറത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധ കഥകളി നടന്‍ ഗുരു കുഞ്ചുക്കുറുപ്പ്‌ പിതൃസഹോദരനായിരുന്നു. അച്‌ഛനും ചക്കംപുറത്തു കിട്ടു ആശാനുമാണ്‌ നിലത്തെഴുത്ത്‌ പഠിപ്പിച്ചത്‌. തകഴി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.
അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ്‌ സ്‌കൂളില്‍ നിന്ന്‌ ഏഴാം ക്ലാസ്‌ ജയിച്ചു. തുടര്‍ന്ന്‌ വൈക്കം ഹൈസ്‌കൂളില്‍ ചേര്‍ന്നെങ്കിലും ഒന്‍പതാം ക്ലാസില്‍ തോറ്റതിനെതുടര്‍ന്ന്‌ കരുവാറ്റ സ്‌കൂളിലേക്ക്‌ പഠനം മാറ്റി. കരുവാറ്റയില്‍ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്‌മാസ്‌റ്റര്‍. പത്താം ക്ലാസ്‌ പാസായശേഷം തിരുവനന്തപുരം ലോ കോളജില്‍ നിന്ന്‌ പ്ലീഡര്‍ഷിപ്പ്‌ പരീക്ഷയില്‍ ജയിച്ചു. തുടര്‍ന്ന്‌ കേരളകേസരി പത്രത്തില്‍ ലേഖകനായി. 1934ല്‍ നെടുമുടി തെക്കേമുറി ചെമ്പകശേരി ചിറയ്‌ക്കല്‍ കമലാക്ഷിയമ്മ(കാത്ത)യുമായുളള വിവാഹം നടന്നു.
വൈകാതെ അമ്പലപ്പുഴ മുന്‍സിഫ്‌ കോടതിയില്‍ പി. പരമേശ്വരന്‍പിള്ള വക്കീലിന്‌ കീഴില്‍ പ്രാക്‌ടീസ്‌ ആരംഭിച്ചു. ഇടതുപക്ഷ രാഷ്‌ട്രീയത്തില്‍ ആകൃഷ്‌ടനായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പുരോഗമന സാഹിത്യ പ്രസ്‌ഥാനത്തിന്റെ വളര്‍ച്ചയിലും തകഴിക്ക്‌ സുപ്രധാന പങ്കുവഹിക്കാനായി. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലും റഷ്യയിലും പര്യടനം നടത്തിയിട്ടുണ്ട്‌.

പതിമൂന്നാംവയസില്‍ തുടങ്ങിയ കഥയെഴുത്ത്‌...

പതിമൂന്നാം വയസിലാണ്‌ ശിവശങ്കരപ്പിള്ള കഥ എഴുത്ത്‌ തുടങ്ങുന്നത്‌. അവ പല മാസികകള്‍ക്കും അയച്ചുകൊടുത്തു. ഏറിയ പങ്കും അച്ചടിച്ചു വന്നു. സ്‌കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ചശേഷം ഇനി എന്തെന്ന ആശയക്കുഴപ്പം മാനസിക സംഘര്‍ഷത്തിലേക്ക്‌ നയിച്ചപ്പോള്‍ നിധി പോലെ സൂക്ഷിച്ചിരുന്ന കഥകള്‍ കൂട്ടിയിട്ടു കത്തിച്ചു നശിപ്പിച്ചത്‌ അദ്ദേഹം പിന്നീട്‌ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്‌. ആ കൗമാരക്കാരനില്‍ നിന്ന്‌ കേരള മൊപ്പസാങ്ങ്‌ എന്ന വിശേഷണത്തോളം വളര്‍ന്ന ശിവശങ്കരപ്പിള്ളയുടെ സാഹിത്യസഞ്ചാരം ആരെയും വിസ്‌മയിപ്പിക്കുന്നതായിരുന്നു. നൂറുകണക്കിന്‌ കഥകള്‍ രചിച്ച ശേഷമാണ്‌ നോവലുകളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തില്‍ ജോലിക്കു ചേര്‍ന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്‌. ഈ കാലയളവില്‍ ചെറുകഥാരംഗത്ത്‌ സജീവമായി. അറുന്നൂറോളം ചെറുകഥകള്‍ രചിച്ചു.
1934ല്‍ ത്യാഗത്തിനു പ്രതിഫലം എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ചെമ്മീന്‍ നോവലാണ്‌ തകഴിയെ വിശ്വപ്രശസ്‌തനാക്കിയത്‌. വെള്ളപ്പൊക്കത്തില്‍ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു. ചെമ്മീന്‍ 1965-ല്‍ രാമു കാര്യാട്ട്‌ സിനിമയാക്കി. രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, കയര്‍ എന്നീ നോവലുകളും ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു.
തോട്ടിയുടെ മകന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, തുടങ്ങി 39 നോവലുകളും അറുന്നൂറില്‍പ്പരം ചെറുകഥകളും തകഴിയുടെ തൂലികയില്‍ പിറന്നു. ആദ്യകാലത്ത്‌ കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകള്‍ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്‌.
ഒരു കുട്ടനാടന്‍ കഥ, ജീവിതത്തിന്റെ ഒരേട്‌, തകഴിയുടെ കഥകള്‍, രണ്ടിടങ്ങഴി എന്നിവ ചെറുകഥാ സമാഹാരങ്ങളായും എന്റെ ഉള്ളിലെ കടല്‍ ലേഖനമായും പുറത്തിറങ്ങി.
തകഴിയുടെ ശങ്കരമംഗലം തറവാട്‌ അദ്ദേഹത്തിന്റെ മരണശേഷം കുടുംബാംഗങ്ങള്‍ സംസ്‌ഥാന സര്‍ക്കാരിന്‌ കൈമാറുകയായിരുന്നു. സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ തകഴി സ്‌മാരകമായി സംരക്ഷിക്കപ്പെടുന്ന ഇവിടെ തകഴി സ്‌മൃതി മണ്ഡപവും മ്യൂസിയവും പ്രവര്‍ത്തിക്കുന്നു. തകഴി ഉപയോഗിച്ച പേന, കണ്ണട, ചാരുകസേര, മുണ്ട്‌, ഷര്‍ട്ട്‌, ഊന്നുവടി, കട്ടില്‍, ടൈപ്പ്‌ റൈറ്റര്‍, രചിച്ച പുസ്‌തകങ്ങള്‍, പത്നി കാത്തയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ജ്‌ഞാനപീഠം, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങളൊക്കെയും ഈ മ്യൂസിയത്തിലുണ്ട്‌. ചരമവാര്‍ഷിക ദിനമായ ഇന്ന്‌ തകഴി സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയും അനുസ്‌മരണയോഗവും സംഘടിപ്പിക്കുന്നുണ്ട്‌. പ്രത്യേക അനുസ്‌മരണപരിപാടികളുമുണ്ട്‌. മുന്‍മന്ത്രി ജി. സുധാകരനാണ്‌ തകഴി സ്‌മാരക സമിതി ചെയര്‍മാനായി ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌.

ജി. ഹരികൃഷ്‌ണന്‍

QOSHE - 'കുട്ടനാടിന്റെ ഇതിഹാസകാരന്റെ ഓര്‍മയ്‌ക്ക് കാല്‍നൂറ്റാണ്ട്‌ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

'കുട്ടനാടിന്റെ ഇതിഹാസകാരന്റെ ഓര്‍മയ്‌ക്ക് കാല്‍നൂറ്റാണ്ട്‌

9 0
09.04.2024

മണ്ണിന്റെ ഗന്ധം നിറഞ്ഞ കഥകളും നോവലുകളുമായി മലയാളസാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചുനടത്തിയ കുട്ടനാടിന്റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപ്പിള്ള ഓര്‍മയായിട്ട്‌ കാല്‍നൂറ്റാണ്ട്‌. സ്വന്തം അനുഭവങ്ങളുടെ ഭൂമികയില്‍ നിന്ന്‌ ലാളിത്യമാര്‍ന്ന രചനകളുമായി അനുവാചക ഹൃദയങ്ങള്‍ കീഴടക്കിയ തകഴി അടയാളപ്പെടുത്തിയതൊക്കെയും സ്വന്തം കാലത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. ലോകസാഹിത്യത്തില്‍ തന്നെ തന്റേതായ ഇടം കണ്ടെത്തിയ അദ്ദേഹം 1999 ഏപ്രില്‍ 10നാണ്‌ അരങ്ങൊഴിഞ്ഞത്‌. ഏപ്രില്‍ മാസത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനവും.
1912 ഏപ്രില്‍ 17-ന്‌ പൊയ്‌പള്ളിക്കളത്തില്‍ ശങ്കരക്കുറുപ്പിന്റെയും പടഹാരം അരിപ്പുറത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധ കഥകളി നടന്‍ ഗുരു കുഞ്ചുക്കുറുപ്പ്‌ പിതൃസഹോദരനായിരുന്നു. അച്‌ഛനും ചക്കംപുറത്തു കിട്ടു ആശാനുമാണ്‌ നിലത്തെഴുത്ത്‌ പഠിപ്പിച്ചത്‌. തകഴി സ്‌കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം.
അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ്‌ സ്‌കൂളില്‍ നിന്ന്‌ ഏഴാം ക്ലാസ്‌ ജയിച്ചു. തുടര്‍ന്ന്‌ വൈക്കം ഹൈസ്‌കൂളില്‍ ചേര്‍ന്നെങ്കിലും ഒന്‍പതാം ക്ലാസില്‍ തോറ്റതിനെതുടര്‍ന്ന്‌ കരുവാറ്റ സ്‌കൂളിലേക്ക്‌ പഠനം മാറ്റി. കരുവാറ്റയില്‍ കൈനിക്കര കുമാരപിള്ളയായിരുന്നു........

© Mangalam


Get it on Google Play