ആത്മവിശുദ്ധിയുടെയും പരസ്‌നേഹത്തിന്റെയും ആഘോഷമാണ്‌ പെരുന്നാള്‍. ഇസ്ലാം വിശുദ്ധിയെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌. ആന്തരികവും ബാഹ്യവുമായ വിശുദ്ധികളുണ്ട്‌. രണ്ടും പരിഗണനീയമാണ്‌. ഇസ്ലാമിന്റെ കര്‍മാനുഷ്‌ഠാനങ്ങളിലെല്ലാം ഈ സമന്വയതലം ദര്‍ശിക്കാം.
പൈശാചികമായ ദുര്‍ബോധങ്ങളും മോശം ചിന്തകളും മനുഷ്യഹൃദയത്തിന്റെ വിശുദ്ധിയെ കെടുത്തുന്നു. വിശുദ്ധിയുടെ അഭാവമാണ്‌ പലവിധ തിന്മയിലേക്കും മനുഷ്യനെ വഴിനടത്തുന്നത്‌. മനുഷ്യമനസില്‍ തിന്മ ആധിപത്യം നേടിയാല്‍ അതു കുടുംബത്തിനും സമൂഹത്തിനും പ്രയാസങ്ങളുണ്ടാക്കും. കളങ്കിതമായേക്കാവുന്ന ഇത്തരം ജീവിതപരിസരത്തുനിന്നു ശുദ്ധമായ ജന്മപ്രകൃതത്തിലേക്കു മനുഷ്യനു തിരികെ യാത്ര നടത്തേണ്ടതുണ്ട്‌. ഇതിനുവേണ്ടി സംവിധാനം ചെയ്യപ്പെട്ടതാണ്‌ റമദാനിലെ വ്രതം. മനസും ശരീരവും വെടിപ്പാക്കാനുള്ള തീവ്രയജ്‌ഞമാണത്‌. നോമ്പിലൂടെ വിശുദ്ധരായവര്‍ക്കു വന്നുചേരുന്ന ആത്മഹര്‍ഷ ദിനമാണ്‌ പെരുന്നാള്‍. ഉടയവന്റെ കല്‍പന ശിരസാവഹിക്കാനായതിലുള്ള ആത്മനിര്‍വൃതിയുടെ സന്തോഷങ്ങള്‍ അലതല്ലുന്ന ദിനം.
മനുഷ്യന്‍ ആശ്രിതജീവിയാണ്‌. ചുറ്റിലുമുള്ളവരോട്‌ അവനു നിരന്തരം ഇടപെടേണ്ടിവരുന്നു. അവരോട്‌ ആനന്ദവും ആധിയും പങ്കുവയ്‌ക്കുന്നു. പരസ്‌പരാശ്രയത്വത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്‌ മനുഷ്യജീവിതം. ഈ ജൈവിക യാഥാര്‍ഥ്യത്തെ വലിയ അളവില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ പെരുന്നാള്‍. പെരുന്നാള്‍ ദിനത്തിലെ പ്രാര്‍ഥനയ്‌ക്ക് അണിനിരക്കുന്നയാള്‍ അതിനു മുന്നേ, നിശ്‌ചിത അളവ്‌ ഭക്ഷ്യധാന്യം ദാനം ചെയ്യണം. നിര്‍ബന്ധദാനമാണത്‌. പ്രാര്‍ഥന പക്ഷേ, ഐച്‌ഛിക ആരാധനയാണല്ലോ. പ്രാര്‍ഥന തന്നെയും സമൂഹം ഒരുമിച്ചാണ്‌ അന്നു നിര്‍വഹിക്കുക. ആര്‍ദ്രതയുടെ വലിയ പാഠങ്ങളും പരിശീലനവും ഉള്‍ക്കൊള്ളുന്നുണ്ട്‌ വ്രതാനുഷ്‌ഠാനം. ഇല്ലാത്തവന്റെ ആധിയറിയാനുള്ള ത്യാഗവും ആധിയകറ്റാനുള്ള പരിശ്രമവും നോമ്പിലും സക്കാത്തിലും നമുക്കു കാണാം.
വ്രതനാളുകളിലെ വീഴ്‌ചകള്‍ക്കുള്ള പരിഹാര ക്രിയയുമാണ്‌ പെരുന്നാള്‍ ദിനത്തിലെ നിര്‍ബന്ധ ദാനം. പട്ടിണികിടക്കുന്നവരെയും പതിതരെയും പിന്തുണയ്‌ക്കുക എന്നത്‌ എത്ര മനോഹരമായ മാനവിക കാവ്യമാണ്‌. എത്ര വലിയ നിര്‍മാണപരമായ ഇടപാടാണത്‌! പരസ്‌നേഹത്തിന്റെ സുപ്രധാനമായ ഒരു തലം ഇസ്ലാമിക കര്‍മാനുഷ്‌ഠാനങ്ങളിലും സംസ്‌കാരങ്ങളിലും കാണാനാവും. ആത്മാവ്‌, ശരീരം, ധനം എന്നിവയുടെ വിശുദ്ധി പൂര്‍ത്തീകരണം പെരുന്നാളാഘോഷത്തിന്റെ ലക്ഷ്യമാണ്‌. ഓരോ വര്‍ഷവും ഇതാവര്‍ത്തിച്ചുവ രുമ്പോള്‍ മനുഷ്യര്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നവീകരണത്തിന്റെ ആനന്ദപ്രകടനം കൂടിയാണ്‌ പെരുന്നാള്‍.
തിന്മകളെ ചെറുത്തുനില്‍ക്കാനുള്ള ശ്രമം മനുഷ്യന്റെ മഹനീയ ഗുണമാണ്‌. ആ ഗുണത്തെ സജീവമാക്കി നിര്‍ത്താനുള്ള മാര്‍ഗദര്‍ശനങ്ങളാണ്‌ ഇസ്ലാം മുന്നോട്ടു വയ്‌ക്കുന്നത്‌. അധര്‍മങ്ങളിലേക്ക്‌ വഴുതുന്ന രൂപേണയുള്ളതാണ്‌ മനുഷ്യഹ്യദയം. ആധികളില്‍ ഉലയുമ്പോള്‍ കൈവിടുന്ന മനോബലം. ആനന്ദം ഉള്ളില്‍ തിളയ്‌ക്കുമ്പോള്‍ ചോര്‍ന്നുപോകുന്ന മനോഗതവും മനുഷ്യനില്‍ കാണാം. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പക്വതയും പാകതയും സ്വീകരിക്കാന്‍ മനുഷ്യന്‌ ആത്മസമരത്തിന്റെ ഒരു വലിയ പരിച ആവശ്യമാണ്‌. ഈ ചെറുത്തുനില്‍പാണ്‌ നോമ്പും പെരുന്നാളും അനുശീലിപ്പിക്കുന്നത്‌.
പെരുന്നാളിന്റെ ഹൃദ്യമായ കാഴ്‌ചകളിലൊന്നാ ണ്‌ സ്‌നേഹവായ്‌പുകളുടെ പ്രകാശനങ്ങള്‍. വലുപ്പച്ചെറുപ്പമില്ലതെ എല്ലാവരും തമ്മില്‍ സ്‌നേഹം കൈമാറുന്ന കാഴ്‌ച. കുടുംബബന്ധങ്ങള്‍ പുലര്‍ത്തുന്നതിനു പെരുന്നാളില്‍ പ്രത്യേക പുണ്യമുണ്ട്‌. ഭാര്യാസന്താനങ്ങള്‍ക്കും ആശ്രിതര്‍ക്കും പുതുവസ്‌ത്രങ്ങളും വിഭവങ്ങളും ഒരുക്കിക്കൊടുക്കുന്നതും പ്രതിഫലദായകമാണ്‌. മറ്റു ദാനധര്‍മങ്ങള്‍ക്കും ഈ ദിനത്തില്‍ ഏറെ പുണ്യങ്ങളുണ്ട്‌. ഇത്തരത്തില്‍ അകലങ്ങള്‍ മായ്‌ച്ചുകളയുന്ന കുറെ കാഴ്‌ചകളടങ്ങിയതാണ്‌ പെരുന്നാള്‍. മനുഷ്യന്റെ ജന്മപ്രകൃതത്തിലേക്കു തിരികെപ്പോകാന്‍ ദീര്‍ഘമായ ഒരു മാസം തന്നതിന്റെ നന്ദിപ്രകടനമാണ്‌ പെരുന്നാളിന്റെ മര്‍മമെന്ന്‌ ആത്മജ്‌ഞാനികള്‍ നിരീക്ഷിക്കുന്നുണ്ട്‌. അതു കൊണ്ടത്രേ നാഥനെ മഹത്വപ്പെടുത്തുന്ന തക്‌ബീര്‍ മന്ത്രണങ്ങള്‍ പെരുന്നാളിന്റെ താളമായി നിശ്‌ചയിക്കപ്പെട്ടത്‌.
സ്വത്വത്തെക്കുറിച്ചുള്ള അവബോധമാണല്ലോ ആത്മജ്‌ഞാനം. ജീവിതവിജയത്തിന്റെ പ്രധാന വഴികളിലൊന്നാണത്‌. നാഥന്റെ പ്രീതിയിലേക്കുള്ള പ്രയാണത്തില്‍ മനുഷ്യന്റെ പ്രധാന വഴികാട്ടി. നീ നിന്നെ അറിയുമ്പോള്‍, നിന്റെ നാഥനെ അറിയുന്നു എന്നാണ്‌ ആപ്‌തവാക്യം. ക്ലേശങ്ങള്‍ പലപ്പോഴും മനുഷ്യനെ നവീകരിക്കുന്നതിനു കാരണമാവാറുണ്ട്‌. പരകോടി മനുഷ്യര്‍ സ്രഷ്‌ടാവിനെ വാഴ്‌ത്തുകയും ദുര്‍ബലരായ സൃഷ്‌ടികളോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന പെരുന്നാള്‍ വേളകള്‍ ആത്മവിചാരത്തിന്റെ ഉണര്‍വുകള്‍ പകരുന്നുണ്ട്‌. ആ വിചാരത്തെ കൂടുതല്‍ സാര്‍ഥകമാക്കാനും സമാശ്വസിപ്പിക്കാനുമാണ്‌ സ്രഷ്‌ടാവിനെ സംബന്ധിച്ച ചിന്തകളിലും വാഴ്‌ത്തുകളിലും മനുഷ്യര്‍ വ്യാപൃതരാകുന്നത്‌.
ഈ സന്തോഷമുഹൂര്‍ത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്‌ടതയാനുഭവിക്കുന്ന, ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും നന്നേ പ്രയാസങ്ങളനുഭവി ക്കുന്ന സഹോദരങ്ങളെ നാമോര്‍ക്കണം. ജീവിക്കാനും ആരാധനകള്‍ അര്‍പ്പിക്കാനും അവകാശം നിഷേധിക്കപ്പെടുന്ന ജനത ഏറെയുണ്ട്‌. അവരെയൊക്കെ സഹായിക്കാന്‍ നാം സന്നദ്ധരാവണം. ഇത്തരം കുറെ കാര്യങ്ങള്‍ നമ്മുടെ പെരുന്നാള്‍ സന്തോഷങ്ങളുടെ ഭാഗമായിരിക്കണം. പ്രാര്‍ഥന കൊണ്ടെങ്കിലും നമുക്ക്‌ അവരെ പിന്തുണയ്‌ക്കാം. അത്‌ ആത്മവിശുദ്ധിയുടെയും അപരസ്‌നേഹത്തിന്റെയും അടയാളമാണല്ലോ.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍
(ഇന്ത്യന്‍ ഗ്രാന്‍ഡ്‌ മുഫ്‌തിയും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമാണ്‌ ലേഖകന്‍)

QOSHE - വിശുദ്ധിയുടെ ആഘോഷം - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

വിശുദ്ധിയുടെ ആഘോഷം

9 0
09.04.2024

ആത്മവിശുദ്ധിയുടെയും പരസ്‌നേഹത്തിന്റെയും ആഘോഷമാണ്‌ പെരുന്നാള്‍. ഇസ്ലാം വിശുദ്ധിയെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌. ആന്തരികവും ബാഹ്യവുമായ വിശുദ്ധികളുണ്ട്‌. രണ്ടും പരിഗണനീയമാണ്‌. ഇസ്ലാമിന്റെ കര്‍മാനുഷ്‌ഠാനങ്ങളിലെല്ലാം ഈ സമന്വയതലം ദര്‍ശിക്കാം.
പൈശാചികമായ ദുര്‍ബോധങ്ങളും മോശം ചിന്തകളും മനുഷ്യഹൃദയത്തിന്റെ വിശുദ്ധിയെ കെടുത്തുന്നു. വിശുദ്ധിയുടെ അഭാവമാണ്‌ പലവിധ തിന്മയിലേക്കും മനുഷ്യനെ വഴിനടത്തുന്നത്‌. മനുഷ്യമനസില്‍ തിന്മ ആധിപത്യം നേടിയാല്‍ അതു കുടുംബത്തിനും സമൂഹത്തിനും പ്രയാസങ്ങളുണ്ടാക്കും. കളങ്കിതമായേക്കാവുന്ന ഇത്തരം ജീവിതപരിസരത്തുനിന്നു ശുദ്ധമായ ജന്മപ്രകൃതത്തിലേക്കു മനുഷ്യനു തിരികെ യാത്ര നടത്തേണ്ടതുണ്ട്‌. ഇതിനുവേണ്ടി സംവിധാനം ചെയ്യപ്പെട്ടതാണ്‌ റമദാനിലെ വ്രതം. മനസും ശരീരവും വെടിപ്പാക്കാനുള്ള തീവ്രയജ്‌ഞമാണത്‌. നോമ്പിലൂടെ വിശുദ്ധരായവര്‍ക്കു വന്നുചേരുന്ന ആത്മഹര്‍ഷ ദിനമാണ്‌ പെരുന്നാള്‍. ഉടയവന്റെ കല്‍പന ശിരസാവഹിക്കാനായതിലുള്ള ആത്മനിര്‍വൃതിയുടെ സന്തോഷങ്ങള്‍ അലതല്ലുന്ന ദിനം.
മനുഷ്യന്‍ ആശ്രിതജീവിയാണ്‌. ചുറ്റിലുമുള്ളവരോട്‌ അവനു നിരന്തരം ഇടപെടേണ്ടിവരുന്നു. അവരോട്‌ ആനന്ദവും ആധിയും പങ്കുവയ്‌ക്കുന്നു. പരസ്‌പരാശ്രയത്വത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ്‌ മനുഷ്യജീവിതം. ഈ ജൈവിക യാഥാര്‍ഥ്യത്തെ വലിയ അളവില്‍ അടയാളപ്പെടുത്തുന്നുണ്ട്‌ പെരുന്നാള്‍.........

© Mangalam


Get it on Google Play