കനത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ അതുമൂലമുള്ള ഭീഷണിയും വര്‍ധിക്കുകയാണ്‌. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം മധ്യവേനല്‍ അവധിക്കാലത്തു സജീവമാകേണ്ട ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ തളര്‍ച്ച പ്രകടം. കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളി കേരളത്തിനു താങ്ങാനാവുന്നതല്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതില്‍ തുടരുന്ന അപര്യാപ്‌തത സംസ്‌ഥാനത്തിന്റെ വികസന കാഴ്‌ച്ചപ്പാടിനെതന്നെ ചോദ്യം ചെയ്യുന്ന വിധമാണ്‌. ചിലയിടങ്ങളില്‍ വേനല്‍ മഴ കിട്ടിയെങ്കിലും സംസ്‌ഥാനത്ത്‌ ചൂട്‌ കുറയില്ലെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു.

ഓരോ ദിവസവും ചൂടു കൂടുന്ന സാഹചര്യത്തില്‍ അതീവ കരുതല്‍ വേണമെന്നാണ്‌ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. തിരുവനന്തപുരം, ഇടുക്കി, വയനാട്‌ ഒഴികെയുള്ള ജില്ലകളിലാണ്‌ ചൂടിന്റെ കാഠിന്യം ശക്‌തമായി തുടരുന്നത്‌. പാലക്കാട്‌ താപനില 45 ഡിഗ്രിയും കടന്നു. പാലക്കാട്‌ കാഞ്ഞിരപ്പുഴയില്‍ കഴിഞ്ഞയാഴ്‌ച്ച ഈ വേനലിലെ റെക്കോഡ്‌ താപനില (45.4 ഡഗ്രി) രേഖപ്പെടുത്തുകയുണ്ടായി. പാലക്കാട്‌ ജില്ലയില്‍ ഭൂരിഭാഗം ഇടങ്ങളിലും 40 ഡിഗ്രിക്കു മുകളിലാണ്‌ രാവിലെ 11നു ശേഷം അനുഭവപ്പെടുന്ന ചൂട്‌. ഏപ്രില്‍ തുടക്കത്തില്‍തന്നെ ഇത്രയധികം ചൂട്‌ രേഖപ്പെടുത്തിയതോടെ മേയ്‌ മാസം എങ്ങനെ അതിജീവിക്കുമെന്ന ഭീതിയിലാണ്‌ ആളുകള്‍. കേരളത്തില്‍ ഉഷ്‌ണതരംഗത്തിനു സമാന അവസ്‌ഥ അനുഭവപ്പെടാമെന്ന്‌ കാലാവസ്‌ഥ വിദഗ്‌്ധരുടെ മുന്നറിയിപ്പുണ്ട്‌. ചൂട്‌ ഉയരുമ്പോള്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാകും ആളുകള്‍ നേരിടേണ്ടിവരുക. ഈ സമയത്തുണ്ടാകുന്ന ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍പോലും അവഗണിക്കുന്നത്‌ ബുദ്ധിയാവില്ല. കുട്ടികള്‍, മുതിര്‍ന്നവര്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേകം കരുതല്‍ ഉണ്ടാകണം. ചൂടുകുരുവിനു പുറമേ, ചെങ്കണ്ണ്‌, ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെയും കരുതിയിരിക്കേണ്ട സമയമാണിത്‌. വൈറസ്‌ മൂലമുള്ള രോഗബാധകള്‍ പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ മറ്റുള്ളവരില്‍നിന്ന്‌ സാമൂഹിക അകലം പാലിച്ചു മതിയായ ചികിത്സ തേടേണ്ടതാണ്‌. പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കരുതെന്ന്‌ നിര്‍ദേശമുണ്ടെങ്കിലും തൊഴിലാളികളടക്കം പലര്‍ക്കും പാലിക്കാന്‍ കഴിയുന്നില്ല. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്ന നിര്‍ദേശമാണുള്ളത്‌. പൊതു ഇടങ്ങളില്‍ കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങള്‍ ഇനിയും മെച്ചപ്പെടുത്തണം.

സംസ്‌ഥാനത്തെ ടൂറിസം മേഖല കനത്ത ചൂടില്‍ തളര്‍ന്ന മട്ടിലാണ്‌. പകല്‍ സമയം പുറത്തിറങ്ങാന്‍ കഴിയാതായതോടെയാണ്‌ ഇത്തരം ഇടങ്ങളിലേക്കുള്ള ആളുകളുടെ വരവു കുറഞ്ഞത്‌. കനത്ത ചൂടില്‍ പൊള്ളുന്ന പ്രതിസന്ധിയുടെ നടുവിലാണ്‌ കര്‍ഷകരൊന്നാകെ. ജലസ്രോതസുകള്‍ വറ്റിവരണ്ടതോടെ കാര്‍ഷിക മേഖല അതിജീവനത്തിനു പാടുപെടുന്ന നിലയിലായി. കുടിവെള്ളംപോലും കിട്ടാത്ത അവസ്‌ഥയില്‍ ജലസേചനത്തിനു വെള്ളം ചിന്തിക്കുകയേ വേണ്ട. അടുത്ത കാലത്ത്‌ സംസ്‌ഥാന വ്യാപകമായി വര്‍ധിച്ച കൈത കൃഷിക്കും ചൂട്‌ വില്ലനായി മാറിയിട്ടുണ്ട്‌. ചൂട്‌ പ്രതിരോധിക്കാന്‍ കൈതയ്‌ക്കു കഴിയുമെന്നത്‌ പ്രത്യേകതയായിരുന്നു. എന്നാല്‍, കൈതയുടെ കാര്യത്തിലും ഇത്തവണ കണക്കുകുട്ടലുകളാകെ തെറ്റി. പിടിച്ചുനില്‍ക്കാനായി ജലസേചനത്തിനും തണല്‍വിരിക്കാനും മറ്റുമായി മാര്‍ഗങ്ങള്‍ തേടിയതോടെ കൃഷിച്ചെലവും വര്‍ധിച്ചു. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ തങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പദ്ധതികളൊന്നുമില്ലേയെന്നാണ്‌ കര്‍ഷകരുടെ ചോദ്യം. ജനുവരി ഒന്നു മുതല്‍ കഴിഞ്ഞയാഴ്‌ച്ച വരെയുള്ള കണക്കു പ്രകാരം സംസ്‌ഥാനത്ത്‌ വരള്‍ച്ചയെ തുടര്‍ന്ന്‌ 40 കോടി രൂപയുടെ കൃഷി നാശം കണക്കാക്കപ്പെടുന്നു. ഏഴായിരത്തോളം കര്‍ഷകരുടെ 2600 ഹെക്‌ടര്‍ കൃഷി നശിച്ചതായാണ്‌ കണക്ക്‌.

ചൂടിനൊപ്പം വൈദ്യുതി ഉപയോഗിക്കുന്നതിലെ ഗ്രാഫ്‌ ഉയരുന്നതും സംസ്‌ഥാനത്തിനു ഭീഷണിയാണ്‌. വൈദ്യുതി ഉപയോഗിക്കുന്നതിലെ പുതിയ റെക്കോഡുകള്‍ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണമായേക്കാം. കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച്‌ വൈദ്യുതി ഉപയോഗത്തില്‍ ഇത്തവണ 12.79 ശതമാനം വര്‍ധന ഉണ്ടായതായാണ്‌ വൈദ്യുതി ബോര്‍ഡിന്റെ കണക്ക്‌. അണക്കെട്ടുകളിലെ ജലനിരപ്പ്‌ താഴുന്നതും വൈദ്യുതി , ജലസേചന വകുപ്പുകള്‍ക്ക്‌ തലവേദനയായി മാറിയിരിക്കുന്നു. കാലാവസ്‌ഥാ വ്യതിയാനത്തെതുടര്‍ന്ന്‌ അപ്രതീക്ഷിത മഴയും കനത്ത വെള്ളപ്പൊക്കവും കേരളത്തിനു പുത്തരിയല്ലാതായി മാറിയതുപോലെ വേനല്‍ച്ചൂടിന്റെ പുതിയ റെക്കോഡുകളും ജനങ്ങള്‍ക്ക്‌ പതിവായി നേരിടേണ്ടിവരും. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിയൂ. പ്രതിസന്ധിയുടെ സമയത്ത്‌ മാത്രം ചിന്തിക്കേണ്ട കാര്യമല്ലിത്‌. പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട്‌ മൂന്നൊരുക്കങ്ങള്‍ നടത്തുന്നതാണ്‌ പ്രധാനം. അത്തരം ആസൂത്രണങ്ങളുടെ അഭാവവും പ്രാധാന്യവും ഓര്‍മിപ്പിക്കുന്ന പ്രതിസന്ധിയുടെ തീച്ചൂളയിലാണ്‌ കേരളം ഇപ്പോള്‍.

QOSHE - പൊള്ളുന്ന പ്രതിസന്ധി - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

പൊള്ളുന്ന പ്രതിസന്ധി

10 0
16.04.2024

കനത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ അതുമൂലമുള്ള ഭീഷണിയും വര്‍ധിക്കുകയാണ്‌. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം മധ്യവേനല്‍ അവധിക്കാലത്തു സജീവമാകേണ്ട ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ തളര്‍ച്ച പ്രകടം. കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളി കേരളത്തിനു താങ്ങാനാവുന്നതല്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതില്‍ തുടരുന്ന അപര്യാപ്‌തത സംസ്‌ഥാനത്തിന്റെ വികസന കാഴ്‌ച്ചപ്പാടിനെതന്നെ ചോദ്യം ചെയ്യുന്ന വിധമാണ്‌. ചിലയിടങ്ങളില്‍ വേനല്‍ മഴ കിട്ടിയെങ്കിലും സംസ്‌ഥാനത്ത്‌ ചൂട്‌ കുറയില്ലെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നു.

ഓരോ ദിവസവും ചൂടു കൂടുന്ന സാഹചര്യത്തില്‍ അതീവ കരുതല്‍ വേണമെന്നാണ്‌ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. തിരുവനന്തപുരം, ഇടുക്കി, വയനാട്‌ ഒഴികെയുള്ള ജില്ലകളിലാണ്‌ ചൂടിന്റെ കാഠിന്യം ശക്‌തമായി തുടരുന്നത്‌. പാലക്കാട്‌ താപനില 45 ഡിഗ്രിയും കടന്നു. പാലക്കാട്‌ കാഞ്ഞിരപ്പുഴയില്‍ കഴിഞ്ഞയാഴ്‌ച്ച ഈ വേനലിലെ റെക്കോഡ്‌ താപനില (45.4 ഡഗ്രി) രേഖപ്പെടുത്തുകയുണ്ടായി. പാലക്കാട്‌ ജില്ലയില്‍ ഭൂരിഭാഗം ഇടങ്ങളിലും 40 ഡിഗ്രിക്കു മുകളിലാണ്‌ രാവിലെ 11നു........

© Mangalam


Get it on Google Play