മഞ്ഞിന്റെ കുളിരില്‍ ശബരിമല കയറിയെത്തുന്ന ഭക്‌തര്‍ക്ക്‌ ദിവ്യാനുഭൂതി പകരുന്ന രണ്ടു ഘടകങ്ങളുണ്ട്‌. ''നല്ലവഴിയെങ്കളരുളി''വാഴുന്ന സ്വാമി അയ്യപ്പനും മലയാത്രയിലുടനീളം നനുത്ത കാറ്റില്‍ ഒഴുകിയെത്തുന്ന ''ശ്രീകോവില്‍ നടതുറന്നൂ...'' എന്ന ഭസ്‌മത്തിന്റെ ഗന്ധമുള്ള ഗാനവും. സംക്രമസന്ധ്യ സിന്ദൂരം ചാര്‍ത്തുന്ന പൊന്നമ്പലനടയിലെത്തുന്ന അനുഭവമാണ്‌ ഈ പാട്ട്‌ നമുക്ക്‌ പകരുന്നത്‌. ജയവിജയന്മാരുടെ ഏറ്റവും ശ്രദ്ധേയമായ അയ്യപ്പഭക്‌തിഗാനങ്ങളിലൊന്നാണ്‌ 1976-ല്‍ കൈപ്പള്ളി കൃഷ്‌ണപിള്ള രചിച്ച ഈ ഗാനം.
മലയാള ഭക്‌തിഗാനശാഖയിലെ എക്കാലത്തെയും ഏറ്റവും വലിയ ബ്രാന്‍ഡാണ്‌ ജയവിജയന്മാര്‍. രണ്ടുപേരുടെയും സ്വരം വേര്‍തിരിച്ചറിയാനാവാത്ത വിധം അത്രമേല്‍ ഇഴുകിച്ചേര്‍ന്നതാണ്‌. ഇരുവരും ചേര്‍ന്ന്‌ ഈണം നല്‍കി ആലപിച്ച ഗാനങ്ങളത്രയും എക്കാലത്തെയും ഹിറ്റുകളാണ്‌.
കോട്ടയം സ്വദേശികളായ ഗോപാലന്‍ തന്ത്രിയുടെയും നാരായണിയുടെയും ഇരട്ടമക്കളായ ജയനും വിജയനും സംഗീതം ഉപജീവനമാര്‍ഗം മാത്രമായിരുന്നില്ല, നാദാര്‍ച്ചനയായിരുന്നു. ഭക്‌തിയും സംഗീതവും ഒന്നാണെന്നു വിശ്വസിച്ചിരുന്ന സഹോദരങ്ങള്‍ പതിനാറാം വയസുമുതല്‍ സംഗീതത്തിന്റെ വഴിയിലേക്കു തിരിഞ്ഞു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ഡോ. ബാലമുരളീകൃഷ്‌ണ തുടങ്ങിയ സംഗീതഇതിഹാസങ്ങളുടെ ശിഷ്യത്വം ജയന്റെയും വിജയന്റെയും ജീവിതത്തിലെ സൗഭാഗ്യങ്ങളുടെ തുടക്കമായിരുന്നു.
ജയനെയും വിജയനെയും 'ജയവിജയ' ആക്കിമാറ്റിയത്‌ നടന്‍ ജോസ്‌ പ്രകാശാണ്‌. ഇരുവരെയും ചേര്‍ത്തുള്ള പേരു നല്‍കിയ ശേഷം ''ഈ പേര്‌ നിങ്ങള്‍ക്ക്‌ ഭാഗ്യം കൊണ്ടുവരും'' എന്ന ജോസ്‌ പ്രകാശിന്റെ വാക്കുകള്‍ പിന്നീട്‌ സത്യമായെന്നത്‌ ചരിത്രം. ജോസ്‌ പ്രകാശ്‌ അഭിനയിച്ച ''പ്രിയപുത്രന്‍'' എന്ന നാടകത്തിനു സംഗീതമൊരുക്കിയത്‌ ജയവിജയന്മാരായിരുന്നു. വൈക്കം ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിക്കാനെത്തിയ ഡോ. ബാലമുരളീകൃഷ്‌ണയെ കാണാന്‍ സാധിച്ചത്‌ ഇരുവരുടെയും ജീവിതത്തിലെ മറ്റൊരു ഏടായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചശേഷമാണ്‌ ഇരുവര്‍ക്കും ഭക്‌തിഗാന ആല്‍ബങ്ങളില്‍ പാടാന്‍ അവസരങ്ങള്‍ ലഭിച്ചത്‌. ''ഇഷ്‌ടദൈവമേ സ്വാമി ശരണമയ്യപ്പാ'' എന്ന ഗാനമാണ്‌ ഇരുവരും ചേര്‍ന്ന്‌ ആദ്യമായി ഈണം നല്‍കിയത്‌. പി. ലീല ആലപിച്ച ഈ ഗാനമാണ്‌ ആദ്യമായി ഒരു ഗായികയുടെ സ്വരത്തില്‍ പുറത്തിറങ്ങിയ അയ്യപ്പഭക്‌തിഗാനം. ഇതിനുശേഷമാണ്‌ ജയവിജയന്മാര്‍ തന്നെ ആലപിച്ച ''ശ്രീകോവില്‍ നടതുറന്നൂ...'' എന്ന പ്രശസ്‌തമായ ഗാനം പിറക്കുന്നത്‌. അതോടെ ഇരുവരുടെയും തലവര തന്നെ മാറി. പിന്നീട്‌ നിരവധി ഗാനങ്ങളാണ്‌ പുറത്തിറങ്ങിയത്‌. മുപ്പതില്‍പ്പരം ആല്‍ബങ്ങളിലായി ഇരുന്നൂറോളം ഭക്‌തിഗാനങ്ങള്‍. ഇതില്‍ ബിച്ചു തിരുമലയുമായി ചേര്‍ന്നാണ്‌ ഏറ്റവുമധികം ഗാനങ്ങള്‍ ഒരുക്കിയത്‌. ''പാഹികൃപാലയ ശബരിഗിരീശാ..'', ''വിഷ്‌ണുമായയില്‍ പിറന്ന വിശ്വരക്ഷകാ..'', ''പാദാരവിന്ദ ഭക്‌തലോക..'', ''കാലം കാര്‍ത്തികമാസമൊന്നാം ദിനം..'' തുടങ്ങി സ്വയം പാടിയ ഗാനങ്ങള്‍ മുതല്‍ ഇവരുടെ ഈണത്തില്‍ ജയചന്ദ്രന്‍ പാടിയ പൂജാപുഷ്‌പങ്ങള്‍ എന്ന ആല്‍ബം വരെ നിരവധി ഗാനങ്ങളാണ്‌ ബിച്ചുവുമായി ചേര്‍ന്നൊരുക്കിയത്‌.
കര്‍ണാടകസംഗീതത്തിലെ രാഗങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യാതെയും അവയുടെ സത്ത്‌ ചോര്‍ന്നുപോകാതെയും സാധാരണക്കാര്‍ക്കും മൂളിനടക്കാന്‍ പറ്റിയ ഗാനങ്ങളാണ്‌ ഇവരുടെ ഈണത്തില്‍ പിറന്നതത്രയും.
ഭക്‌തിഗാനങ്ങള്‍ കൂടാതെ ഏതാനും സിനിമകള്‍ക്കുവേണ്ടിയും ഇരുവരും ചേര്‍ന്ന്‌ ഈണമൊരുക്കിയിട്ടുണ്ട്‌. ഏറെ പ്രശസ്‌തമായ ''നക്ഷത്രദീപങ്ങള്‍ തിളങ്ങി..'', ''ഹൃദയം ദേവാലയം..'', മാറ്റുവിന്‍ ചട്ടങ്ങളേ..'', ''ചിങ്ങവനത്താഴത്തെ കുളിരുംകൊണ്ടേ..'' തുടങ്ങിയ ഗാനങ്ങള്‍ ജയവിജയന്മാരുടെ ഈണമാണ്‌. ഇരുവരും ചെമ്പൈയുടെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന കാലത്താണ്‌ ''നക്ഷത്രദീപങ്ങള്‍ തിളങ്ങി..'' എന്ന ഗാനം പിറക്കുന്നത്‌. അന്ന്‌ ഇരുവരുടെയും താമസം ചെമ്പൈയുടെ വീടിന്‌ അരക്കിലോമീറ്റര്‍ മാറിയാണ്‌. ഒരു ദിവസം അടുത്തുള്ള കപാലീശ്വക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ബിച്ചു തിരുമല അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന സഞ്ചി ജയവിജയന്മാരുടെ വീട്ടില്‍ വച്ചിട്ട്‌ ക്ഷേത്രത്തിലേക്കു പോയി. ദര്‍ശനം കഴിഞ്ഞെത്തിയ ബിച്ചു തിരുമല കേള്‍ക്കുന്നത്‌ താന്‍ എഴുതി സഞ്ചിക്കൊപ്പം വച്ചിരുന്ന ഒരു കവിത ഇരുവരും ചേര്‍ന്നു ട്യൂണിട്ട്‌ പാടുന്നതാണ്‌. ''നക്ഷത്രദീപങ്ങള്‍ തിളങ്ങി'' എന്ന എക്കാലത്തെയും മനോഹരമായ ഗാനമാണ്‌ അന്നു പിറന്നത്‌. വരികള്‍ വായിച്ചുനോക്കിയപ്പോള്‍ ''ചെമ്പട താളത്തില്‍ ശങ്കരാഭരണത്തില്‍ ചെമ്പൈ വായ്‌പ്പാട്ടു പാടീ...'' എന്ന വരികള്‍ കണ്ടപ്പോള്‍ തങ്ങളുടെ ഗുരുവിന്റെ പേരു കണ്ട കൗതുകത്തില്‍നിന്നാണ്‌ അവര്‍ ഈ കവിതയ്‌ക്ക് ഈണം പകരാന്‍ തീരുമാനിച്ചത്‌. പിന്നീട്‌ ഭീംസിങ്‌ തന്റെ തമിഴ്‌ചിത്രത്തിന്റെ മലയാളം പതിപ്പായ നിറകുടത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തുകയായിരുന്നു. ജയവിജയന്മാരുടെ ഈണത്തില്‍ പിറന്ന ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം മനോഹരമായിരുന്നു. 1968-ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിനുവേണ്ടിയാണ്‌ ആദ്യമായി ഈണം നല്‍കിയത്‌. പിന്നീട്‌ മലയാളം, തമിഴ്‌ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങള്‍ക്ക്‌ ഈണം നല്‍കി.
സംഗീതരംഗത്ത്‌ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴാണ്‌ വിധി ഇരുവരെയും തമ്മില്‍ പിരിച്ചത്‌. 1989 ജനുവരി ഒമ്പതിന്‌ തിരുച്ചിറപ്പള്ളിയില്‍ ഭക്‌തിഗാനക്കച്ചേരിക്കു പോകുമ്പോഴുണ്ടായ വാഹനാപകടത്തിലാണ്‌ വിജയന്‍ മരിച്ചത്‌.
ഇരട്ടസഹോദരന്റെ മരണം ജയനില്‍ ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. വല്ലാത്തൊരു ശൂന്യതയില്‍ കഴിഞ്ഞ സമയത്താണ്‌ യേശുദാസ്‌ തരംഗിണിക്കുവേണ്ടി ഒരു ആല്‍ബം ഒരുക്കാന്‍ ജയനെ സമീപിച്ചത്‌. ജയന്‍ തനിച്ച്‌ ആദ്യമായി ഈണം നല്‍കിയ ആ ആല്‍ബമാണ്‌ എക്കാലത്തെയും ചരിത്രവിജയമായ ''മയില്‍പ്പീലി''. എസ്‌. രമേശന്‍ നായര്‍ രചിച്ച ആ ആല്‍ബത്തിലെ ഗാനങ്ങളെല്ലാം ഈണം നല്‍കിയ ശേഷമാണ്‌ വരികളെഴുതിയത്‌. ''രാധ തന്‍ പ്രേമത്തോടാണോ...'', ''ചന്ദനചര്‍ച്ചിത നീലകളേബര...'', ''ചെമ്പൈക്കു നാദം നിലച്ചപ്പോള്‍..'', ''അണിവാകച്ചാര്‍ത്തില്‍'', തുടങ്ങി എല്ലാ ഗാനങ്ങളുടെ ഇന്നും സംഗീതപ്രേമികള്‍ക്കു വിരുന്നാണ്‌. സഹോദരന്റെ മരണത്തിനുശേഷവും സിനിമകളിലേക്കു ക്ഷണം വന്നെങ്കിലും ജയന്‍ സ്വീകരിച്ചില്ല. ഭക്‌തിഗാനമേഖലയില്‍ മാത്രമായി ഉറച്ചുനില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
യേശുദാസ്‌, ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, ജി. വേണുഗോപാല്‍, മധു ബാലകൃഷ്‌ണന്‍, എം.ജി. ശ്രീകുമാര്‍, ചിത്ര, സുജാത, ബിജു നാരായണന്‍ തുടങ്ങി മലയാളത്തിലെ പ്രശസ്‌തഗായകരെക്കൊണ്ടെല്ലാം വിവിധ ആല്‍ബങ്ങളില്‍ ഇദ്ദേഹം പാടിച്ചിട്ടുണ്ട്‌. 1993-ല്‍ ജയന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ അയ്യപ്പതീര്‍ഥം എന്ന ആല്‍ബത്തില്‍ മകനും സിനിമാതാരവുമായ മനോജ്‌ കെ. ജയനും മൂന്നു പാട്ടുകള്‍ പാടിയിട്ടുണ്ട്‌.
ഉറച്ച അയ്യപ്പഭക്‌തനായിരുന്ന വിജയന്റെ സഞ്ചയനകര്‍മ്മവും പുണ്യപമ്പയില്‍ ചിതാഭസ്‌മ നിമജ്‌ജനവും ഒരു മകരവിളക്കുദിനത്തിലായിരുന്നു എന്നതു യാദൃശ്‌ചികം. വിജയന്റെ ഭാര്യ രാജമ്മ ഇക്കഴിഞ്ഞ വിഷുദിനത്തിലാണ്‌ മരിച്ചത്‌. രണ്ടുദിവസത്തിനുശേഷം ഭര്‍തൃസഹോദരനും യാത്രയായെന്നത്‌ മറ്റൊരു യാദൃച്‌ഛികത.
അപൂര്‍വരാഗങ്ങളുടെ സങ്കീര്‍ണതകളില്‍നിന്നു തന്റേതായ പുതിയ സംഗീതവഴികള്‍ തെളിയിച്ചുകൊണ്ടിരുന്ന കണ്ണിയിലെ ഒരാള്‍ കൂടി മറഞ്ഞു. സംഗീതചക്രവര്‍ത്തി ഇനി ഓര്‍മയില്‍.

ബിനോയ്‌ വിദ്യാസാഗര്‍

QOSHE - നക്ഷത്രദീപങ്ങളണഞ്ഞു; രാഗസുധ ബാക്കിയാക്കി ജയനും... - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

നക്ഷത്രദീപങ്ങളണഞ്ഞു; രാഗസുധ ബാക്കിയാക്കി ജയനും...

18 0
16.04.2024

മഞ്ഞിന്റെ കുളിരില്‍ ശബരിമല കയറിയെത്തുന്ന ഭക്‌തര്‍ക്ക്‌ ദിവ്യാനുഭൂതി പകരുന്ന രണ്ടു ഘടകങ്ങളുണ്ട്‌. ''നല്ലവഴിയെങ്കളരുളി''വാഴുന്ന സ്വാമി അയ്യപ്പനും മലയാത്രയിലുടനീളം നനുത്ത കാറ്റില്‍ ഒഴുകിയെത്തുന്ന ''ശ്രീകോവില്‍ നടതുറന്നൂ...'' എന്ന ഭസ്‌മത്തിന്റെ ഗന്ധമുള്ള ഗാനവും. സംക്രമസന്ധ്യ സിന്ദൂരം ചാര്‍ത്തുന്ന പൊന്നമ്പലനടയിലെത്തുന്ന അനുഭവമാണ്‌ ഈ പാട്ട്‌ നമുക്ക്‌ പകരുന്നത്‌. ജയവിജയന്മാരുടെ ഏറ്റവും ശ്രദ്ധേയമായ അയ്യപ്പഭക്‌തിഗാനങ്ങളിലൊന്നാണ്‌ 1976-ല്‍ കൈപ്പള്ളി കൃഷ്‌ണപിള്ള രചിച്ച ഈ ഗാനം.
മലയാള ഭക്‌തിഗാനശാഖയിലെ എക്കാലത്തെയും ഏറ്റവും വലിയ ബ്രാന്‍ഡാണ്‌ ജയവിജയന്മാര്‍. രണ്ടുപേരുടെയും സ്വരം വേര്‍തിരിച്ചറിയാനാവാത്ത വിധം അത്രമേല്‍ ഇഴുകിച്ചേര്‍ന്നതാണ്‌. ഇരുവരും ചേര്‍ന്ന്‌ ഈണം നല്‍കി ആലപിച്ച ഗാനങ്ങളത്രയും എക്കാലത്തെയും ഹിറ്റുകളാണ്‌.
കോട്ടയം സ്വദേശികളായ ഗോപാലന്‍ തന്ത്രിയുടെയും നാരായണിയുടെയും ഇരട്ടമക്കളായ ജയനും വിജയനും സംഗീതം ഉപജീവനമാര്‍ഗം മാത്രമായിരുന്നില്ല, നാദാര്‍ച്ചനയായിരുന്നു. ഭക്‌തിയും സംഗീതവും ഒന്നാണെന്നു വിശ്വസിച്ചിരുന്ന സഹോദരങ്ങള്‍ പതിനാറാം വയസുമുതല്‍ സംഗീതത്തിന്റെ വഴിയിലേക്കു തിരിഞ്ഞു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ഡോ. ബാലമുരളീകൃഷ്‌ണ തുടങ്ങിയ സംഗീതഇതിഹാസങ്ങളുടെ ശിഷ്യത്വം ജയന്റെയും വിജയന്റെയും ജീവിതത്തിലെ സൗഭാഗ്യങ്ങളുടെ തുടക്കമായിരുന്നു.
ജയനെയും വിജയനെയും 'ജയവിജയ' ആക്കിമാറ്റിയത്‌ നടന്‍ ജോസ്‌ പ്രകാശാണ്‌. ഇരുവരെയും ചേര്‍ത്തുള്ള പേരു നല്‍കിയ ശേഷം ''ഈ പേര്‌ നിങ്ങള്‍ക്ക്‌ ഭാഗ്യം കൊണ്ടുവരും'' എന്ന ജോസ്‌ പ്രകാശിന്റെ വാക്കുകള്‍ പിന്നീട്‌ സത്യമായെന്നത്‌ ചരിത്രം. ജോസ്‌ പ്രകാശ്‌ അഭിനയിച്ച ''പ്രിയപുത്രന്‍'' എന്ന നാടകത്തിനു സംഗീതമൊരുക്കിയത്‌ ജയവിജയന്മാരായിരുന്നു.........

© Mangalam


Get it on Google Play