സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം ഒരു ക്ലാസ്‌ മുറിയിലേതെന്നതുപോലെ ഏകോപിപ്പിച്ച്‌ മുന്നേറുകയാണ്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുക്കിലും മൂലയിലും കണ്ണെത്തിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്‌ മുന്നേറ്റം. ഉഴപ്പുന്നവരെ കണ്ണുരുട്ടിയും മികവുറ്റവരെ അഭിനന്ദിച്ചും ഒരധ്യാപകന്റെ ചിട്ടയോടെയാണ്‌ ഗോവിന്ദന്റെ നേതൃത്വപരമായ ഇടപെടല്‍. പ്രചാരണത്തിരക്കിനിടയില്‍ എം.വി. ഗോവിന്ദന്‍ അല്‍പ്പസമയം 'മംഗള'ത്തോടൊപ്പം

? സംസ്‌ഥാനത്ത്‌ പൊതുതെരഞ്ഞെടുപ്പിന്‌ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. എങ്ങനെയാണ്‌ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്‌.

= കുറ്റമറ്റ രീതിയില്‍ ചിട്ടയോടും കൃത്യതയോടും കുടിയ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌ സംസ്‌ഥാനത്തുടനീളം നടന്നത്‌. പരമ്പരാഗത തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയാ കാലഘട്ടത്തിന്‌ അനുസൃതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും സജീവമായി നടന്നു. മുതിര്‍ന്ന നേതാക്കളടക്കം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കി എണ്ണയിട്ട യന്ത്രം പോലെ ഒത്തൊരുമയോടെയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം. താഴേത്തട്ടു വരെയുള്ള പ്രവര്‍ത്തനവും പരസ്യമേഖലയിലെ ഇടപെടലുമെല്ലാം കൃത്യമായി തന്നെ നടക്കുന്നുണ്ട്‌. 20 സീറ്റുകളും ഇത്തവണ നേടിയെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്‌.

? കഴിഞ്ഞ തവണ ഒരു സീറ്റൊഴികെ മറ്റെല്ലാം നഷ്‌ടപ്പെട്ടപ്പോഴും യു.ഡി.എഫ്‌. തരംഗമെന്ന വിലയിരുത്തലിലാണ്‌ സി.പി.എം. പരാജയത്തെ മറച്ചത്‌. ഇത്തവണ ആ തരംഗമില്ലെന്നാണോ.

= കഴിഞ്ഞ തവണ യു.ഡി.എഫ്‌. തരംഗം മാത്രമല്ല; പല തരത്തിലുള്ള പ്രതികൂല ഘടകങ്ങളും ഉണ്ടായിരുന്നുവെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. നരേന്ദ്ര മോഡി വീണ്ടും വരുമെന്ന ഭയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തി നല്ലതു പോലെ വോട്ട്‌ ശേഖരിക്കാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം നടത്തിയാണ്‌ കോണ്‍ഗ്രസ്‌ ഇത്തരത്തില്‍ വോട്ട്‌ ശേഖരണം നടത്തിയത്‌. ഇതോടെ 19 സീറ്റുകളിലും അവര്‍ക്ക്‌ ജയിക്കാന്‍ സാധിച്ചു. എന്നാല്‍, ഇത്തവണ അതല്ല അവസ്‌ഥ. ന്യൂനപക്ഷ വിഭാഗം രക്ഷകരായി കാണുന്നത്‌ സി.പി.എമ്മിനെയാണ്‌. രാഹുല്‍ ഒരു കാരണവശാലും പ്രധാനമന്ത്രിയാകില്ലെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മാത്രമല്ല, ആശയപരമായി തകര്‍ന്നടിഞ്ഞ അവസ്‌ഥയിലാണ്‌ കോണ്‍ഗ്രസ്‌. മുസ്ലിംലീഗ്‌ ഘടകകക്ഷിയായി തുടരുമ്പോഴും യു.ഡി.എഫിന്റെ പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പാര്‍ട്ടി ക്കൊടി പോലും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്‌ഥ ഏത്രമാത്രം ദുരിതപൂര്‍ണ്ണമാണെന്ന്‌ ചിന്തിച്ചു നോക്കൂ. എല്ലാം മോദി പേടിയില്‍ കോണ്‍ഗ്രസ്‌ കൈകൊള്ളുന്ന തീരുമാനങ്ങളും നിലപാടുമാണ്‌. ഇത്‌ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സി.പി.എമ്മിന്‌ മാത്രമേ സാധിക്കുകയുള്ളൂ.

? ഇങ്ങനെയൊക്കെയായിട്ടും ഈ തെരഞ്ഞെടുപ്പ്‌ സംസ്‌ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ ഭയപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌.

= അങ്ങനെ പറയുന്നതില്‍ ഞങ്ങള്‍ക്ക്‌ യാതൊരു വിധ ഭയത്തിന്റേയും പ്രശ്‌നമില്ല. കഴിഞ്ഞ തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ നടന്നപ്പോഴും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെയായിരുന്നല്ലോ അധികാരത്തില്‍ ഉണ്ടായിരുന്നത്‌. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ മറ്റെല്ലായിടത്തും ഞങ്ങള്‍ പരാജയപ്പെട്ടു. സര്‍ക്കാറിന്റെ വിലയിരുത്തലാണെന്നതടക്കമുള്ള പ്രചാരണങ്ങളുമുണ്ടായി. എന്നിട്ടെന്ത്‌ സംഭവിച്ചു? തുടര്‍ന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റ്‌ നേടി വലിയ ഭൂരിപക്ഷത്തില്‍തന്നെ ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വന്നില്ലേ. അതുകൊണ്ട്‌ തന്നെ ഈ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുമെന്ന്‌ പറയാന്‍ ഞങ്ങള്‍ക്കാരേയും ഭയക്കേണ്ടതില്ല. എന്നാല്‍, സംസ്‌ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്‌ വിലയിരുത്തപ്പെടുകയെന്ന്‌ ചുരുക്കുമ്പോഴാണ്‌ പ്രശ്‌നം. ഇത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്‌. ഇനി തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ടോയെന്ന്‌ തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ്‌. ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ അവസാന ശ്രമമാണ്‌. ഇതായിരിക്കണം മുന്നില്‍ കാണേണ്ടത്‌. നിര്‍ഭാഗ്യവശാല്‍ ആശയപാപ്പരത്തവും നേതൃത്വ ദാരിദ്ര്യവും അനുഭവിക്കുന്ന കോണ്‍ഗ്രസിന്‌ ഈയൊരു പ്രതിസന്ധിയെ മനസിലാക്കാനോ ഫലപ്രദമായ ഇടപെടല്‍ നടത്താനോ സാധിക്കുന്നില്ല..

? മുഖ്യമന്ത്രിമാരായ അരവിന്ദ്‌ കെജ്രിവാളിനേയും ഹേമന്ത്‌ സോറനേയുമൊക്കെ കേന്ദ്ര ഏജന്‍സികള്‍ അറസ്‌റ്റ് ചെയ്‌തപ്പോള്‍ അതിനെതിരേ ശക്‌തമായി രംഗത്ത്‌ വന്ന രാഹുല്‍, പിണറായി വിജയന്‍ അറസ്‌റ്റിലാകാത്തത്‌ സി.പി.എം.- ബി.ജെ.പി. ബന്ധത്തിന്റെ ഉദാഹരണമായാണല്ലോ വിലയിരുത്തുന്നത്‌.

= വ്യക്‌തമായ ആശയം മുന്നോട്ട്‌ വയ്‌ക്കാനില്ലാത്ത അവസരവാദ രാഷ്‌ട്രീയത്തിന്റെ ആള്‍രൂപമാണ്‌ രാഹുല്‍. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ അറസ്‌റ്റിനെതിരേ പ്രസംഗിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ മോദി, കെജ്രിവാളിനെ ജയിലിലടച്ചുവെന്ന്‌ പ്രതികരിക്കുന്നു. നേരെ കേരളത്തില്‍ വന്ന്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ മോദി ജയിലിലടയ്‌ക്കുന്നില്ലെന്ന്‌ ചോദിക്കുന്നു. എത്രമാത്രം അവസരവാദപരമായ രാഷ്‌ട്രീയമാണ്‌ രാഹുലിന്റേതെന്ന്‌ നോക്കൂ. പിണറായി വിജയനെതിരേ നിലവില്‍ ഒരു കേസുപോലുമില്ല. അങ്ങിനെയൊരാളെ എങ്ങനെയാണ്‌ അറസ്‌റ്റ് ചെയ്ാന്‍ സയാധിക്കുക. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്‌. ആ കേസിലും പിണറായി വിജയന്‍ പ്രതിയല്ല. അദ്ദേഹത്തിന്റെ മകള്‍ വീണ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ അതെങ്ങനെയാണ്‌ പിണറായിയെ നേരിട്ട്‌ ബാധിക്കുക? അച്‌ഛനും മകളും തമ്മിലുള്ള ബന്ധം കേസിലേക്ക്‌ വലിച്ചിഴക്കേണ്ടതുണ്ടോ... ഇത്തരം സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെയാണ്‌ എന്തുകൊണ്ട്‌ പിണറായി വിജയനെ കേന്ദ്ര ഏജന്‍സി അറസ്‌റ്റ് ചെയ്യുന്നില്ലെന്ന്‌ രാഹുല്‍ ചോദിക്കുന്നത്‌. തീര്‍ത്തും നിരുത്തരവാദപരവും ആശയപാപ്പരത്തം വിളിച്ചോതുന്നതുമായ പ്രതികരണങ്ങളാണ്‌ രാഹുലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. ആരെങ്കിലും എഴുതിക്കൊടുക്കുന്നത്‌ വായിച്ചു ഡല്‍ഹിക്ക്‌ മടങ്ങുന്ന രീതിയാണ്‌ രാഹുലിന്റേത്‌. ആര്‍.എസ്‌.എസുമായും എസ്‌.ഡി.പി.ഐയുമായും ഒരേ സമയം ബന്ധമുണ്ടാക്കുന്നത്‌ കോണ്‍ഗ്രസാണ്‌. വര്‍ഗീയ ശക്‌തികളുമായി യാതൊരു വിധ ബന്ധവുമില്ലെന്ന്‌ പ്രഖ്യാപിച്ച പാര്‍ട്ടിയാണ്‌ സി.പി.എം.

? സി.പി.എമ്മിന്‌ പിന്തുണ പ്രഖ്യാപിച്ച പി.ഡി.പിയുടേത്‌ വര്‍ഗീയ രാഷ്‌ട്രീയമല്ലെന്നാണോ.

= പി.ഡി.പി.യുടേത്‌ ആദ്യഘട്ടത്തില്‍ വര്‍ഗീയ നിലപാടായിരുന്നെങ്കിലും പിന്നീട്‌ അവര്‍ മതേതര നിലപാടിലേക്ക്‌ മാറി. അതിനുശേഷമാണ്‌ ഞങ്ങള്‍ അവരുടെ പിന്തുണ സ്വീകരിച്ചത്‌. അത്‌ ഈ തെരഞ്ഞെടുപ്പില്‍ മാത്രം കൈകൊണ്ട നിലപാടല്ല. ഒന്നര പതിറ്റാണ്ട്‌ മുമ്പുതന്നെ പി.ഡി.പിയുടെ പിന്തുണ സി.പി.എമ്മിന്‌ ലഭിക്കുന്നുണ്ട്‌. പി.ഡി.പിയേയും എസ്‌.ഡി.പി.ഐയേയും ഒരേ തരത്തില്‍ കാണേണ്ടതില്ല. പി.ഡി.പി. ഒരു പ്രാദേശിക രാഷ്‌ട്രീയ സംവിധാനമാണ്‌. എസ്‌.ഡി.പി.ഐ. ആകട്ടെ രാജ്യവ്യാപകമായി വര്‍ഗീയ നിലപാടുകളിലൂന്നി പ്രചാരണം നടത്തുകയാണ്‌. എസ്‌.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണ ഉറപ്പിച്ചത്‌. പിന്നീട്‌ വിവാദമായതോടെ കോണ്‍ഗ്രസ്‌ അവരെ തള്ളിപ്പറയുകയായിരുന്നു. വര്‍ഗീയ കക്ഷികളോട്‌ ഞങ്ങള്‍ക്ക്‌ എന്നും ഒരേ നിലപാടാണ്‌. അതില്‍ മാറ്റമില്ല.

? ആലപ്പുഴയില്‍ എസ്‌.ഡി.പി.ഐയുമായി സി.പി.എം. പ്രവര്‍ത്തകരില്‍ ചിലര്‍ കൈകോര്‍ക്കുന്നുവെന്ന വിവാദം പാര്‍ട്ടിയില്‍ തന്നെ ഉടലെടുത്തിരുന്നു. അതെല്ലാം പരിഹരിക്കപ്പെട്ടെന്നാണോ.

= ഒരു തരത്തിലുള്ള ബന്ധവും ആലപ്പുഴയില്‍ എന്നല്ല ഒരിടത്തും ഉണ്ടായിട്ടില്ല. അതെല്ലാം ആരോപണങ്ങള്‍ മാത്രമാണ്‌. ആരോപണങ്ങള്‍ ആര്‍ക്കാണ്‌ ഉന്നയിക്കാന്‍ സാധിക്കാത്തത്‌. അതിലൊന്നും ഒരു കഴമ്പുമില്ല. ആലപ്പുഴയിലടക്കം പാര്‍ട്ടി ഒറ്റക്കെട്ടായാണ്‌ മുന്നേറുന്നത്‌.

? മുന്‍മന്ത്രി ജി. സുധാകരന്റെ നിശബ്‌ദത തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടോ.

= ആരുപറഞ്ഞു സുധാകരന്‍ മൗനത്തിലാണെന്ന്‌...? അനാവശ്യ വിവാദങ്ങളിലേക്കൊന്നും കടക്കേണ്ടതില്ല. മറ്റെല്ലാ നേതാക്കളേയും പോലെ സുധാകരനും സജീവമായി തന്നെ എല്‍.ഡി.എഫിന്റെ വിജയത്തിനായി പ്രചാരണ രംഗത്തുണ്ട്‌. ഞാന്‍ അവിടെ പങ്കെടുത്ത എല്ലാ യോഗങ്ങളിലും സുധാകരന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി അദ്ദേഹം കര്‍മനിരതനുമാണ്‌. സുധാകരനും പാര്‍ട്ടിയും തമ്മില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. നേതാക്കള്‍ക്കെതിരായ ഇത്തരം പ്രചാരണങ്ങളെല്ലാം വിലകുറഞ്ഞ രാഷ്‌ട്രീയ ആരോപണങ്ങള്‍ മാത്രമാണ്‌. വടകരയില്‍ കെ.കെ ശൈലജയ്‌ക്കെതിരേ അശ്ലീല പ്രചാരണം നടത്തിയവരാണ്‌ കോണ്‍ഗ്രസുകാര്‍. ഇത്തരം പ്രചാരണങ്ങളിലൂടെ ജയിച്ചുകയറാമെന്നത്‌ കോണ്‍ഗ്രസിന്റെ വ്യാമോഹം മാത്രമാണ്‌.

? ശൈലജയേയും തോമസ്‌ ഐസക്കിനേയുമൊക്കെ ഡല്‍ഹിക്ക്‌ നാടുകടത്തി പിണറായിയ്‌ക്കെതിരായ ഭീഷണി ഒഴിവാക്കുകയാണ്‌ ലക്ഷ്യമെന്നും വിലയിരുത്തലുണ്ട്‌.

= വിവരമില്ലായ്‌മയാണ്‌ ഇത്തരം വിലയിരുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നിലെന്നേ പ്രതികരിക്കാനുള്ളൂ. ഇന്ത്യ ഇതേപോലെ നിലനില്‍ക്കണമോയെന്ന ചോദ്യം മുന്നില്‍നില്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത്തരം ബാലിശമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നുവെന്നത്‌ തന്നെ എത്രമാത്രം വിഡ്‌ഢിത്തമാണ്‌. പി.ബി. - കേന്ദ്ര കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിമാരും ഉള്‍പ്പെടെ ഫലപ്രദമായ സ്‌ഥാനാര്‍ത്ഥികള്‍ തന്നെയാണ്‌ 20 മണ്ഡലങ്ങളിലും മത്സരിക്കുന്നത്‌. എല്ലാ സീറ്റും ഞങ്ങള്‍ക്ക്‌ പ്രധാനപ്പെട്ടതുതന്നെയാണ്‌. സാന്ദര്‍ഭികവശാല്‍ വടകര പരാമര്‍ശിച്ചെന്നേയുള്ളൂ. ഫാസിസത്തെ നേരിടാന്‍ എല്ലാവരും ഒന്നിച്ച്‌ അണിനിരക്കേണ്ട സാഹചര്യമാണ്‌ നിലവിലുള്ളത്‌. എന്നാല്‍ കെ.കെ. ശൈലജയുടെ ജനസമ്മിതി മറികടക്കാന്‍ അശ്ലീല പ്രചാരണമാണ്‌ കോണ്‍ഗ്രസ്‌ നടത്തുന്നത്‌. സതീശനും സുധാകരനുമൊന്നും ഇത്തരം പ്രചാരണങ്ങളെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടുമില്ല. ഇതിനിടയിലാണ്‌ നാടുകടത്തലെന്നൊക്കെയുള്ള വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത്‌. ഇതിനൊക്കെ ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും.

? പാനൂര്‍ ബോബ്‌ സഫോടനവുമായി ബന്ധപ്പെട്ട്‌ സി.പി.എം. പ്രവര്‍ത്തകനടക്കം അറസ്‌റ്റിലായശേഷവും പാര്‍ട്ടിക്ക്‌ ബന്ധമില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണോ.

= ആരെങ്കിലും എവിടെനിന്നെങ്കിലും അറസ്‌റ്റിലായെന്ന്‌വെച്ച്‌ പാര്‍ട്ടിയുടെ അറിവോടെയാണ്‌ സംഭവമെന്ന്‌ പറയാന്‍ സാധിക്കുമോ..? പോലീസ്‌ അറസ്‌റ്റ്ചെയ്‌തുവെന്നത്‌ അവസാന നടപടി ക്രമങ്ങളൊന്നുമല്ല. പാര്‍ട്ടിക്ക്‌ ബോംബുണ്ടാക്കേണ്ട ആവശ്യമില്ല. ആക്രമിക്കാന്‍ വരുന്നവരോടുപോലും സമാധാനത്തോടെ ഇടപെടുകയെന്നതാണ്‌ പാര്‍ട്ടി നയം. പാനൂരില്‍ ബോംബ്‌ പൊട്ടിയെന്ന്‌ വച്ച്‌ വടകരയിലെ സ്‌ഥാനാര്‍ത്ഥി പൊട്ടുമെന്നൊന്നും ആരും കരുതുന്നില്ല. കോണ്‍ഗ്രസ്‌ പതിവുപോലെ ഇക്കാര്യത്തിലും രാഷ്‌ട്രീയം കളിക്കുകയാണ്‌. അന്വേഷണം നടക്കട്ടേ; നമുക്ക്‌ നോക്കാം...

ജിനേഷ്‌ പൂനത്ത്‌

QOSHE - 'തെരഞ്ഞെടുപ്പ്‌ പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലുമാകും' - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

'തെരഞ്ഞെടുപ്പ്‌ പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലുമാകും'

8 0
20.04.2024

സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം ഒരു ക്ലാസ്‌ മുറിയിലേതെന്നതുപോലെ ഏകോപിപ്പിച്ച്‌ മുന്നേറുകയാണ്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുക്കിലും മൂലയിലും കണ്ണെത്തിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ്‌ മുന്നേറ്റം. ഉഴപ്പുന്നവരെ കണ്ണുരുട്ടിയും മികവുറ്റവരെ അഭിനന്ദിച്ചും ഒരധ്യാപകന്റെ ചിട്ടയോടെയാണ്‌ ഗോവിന്ദന്റെ നേതൃത്വപരമായ ഇടപെടല്‍. പ്രചാരണത്തിരക്കിനിടയില്‍ എം.വി. ഗോവിന്ദന്‍ അല്‍പ്പസമയം 'മംഗള'ത്തോടൊപ്പം

? സംസ്‌ഥാനത്ത്‌ പൊതുതെരഞ്ഞെടുപ്പിന്‌ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. എങ്ങനെയാണ്‌ സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്‌.

= കുറ്റമറ്റ രീതിയില്‍ ചിട്ടയോടും കൃത്യതയോടും കുടിയ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌ സംസ്‌ഥാനത്തുടനീളം നടന്നത്‌. പരമ്പരാഗത തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയാ കാലഘട്ടത്തിന്‌ അനുസൃതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളും സജീവമായി നടന്നു. മുതിര്‍ന്ന നേതാക്കളടക്കം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം നല്‍കി എണ്ണയിട്ട യന്ത്രം പോലെ ഒത്തൊരുമയോടെയാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനം. താഴേത്തട്ടു വരെയുള്ള പ്രവര്‍ത്തനവും പരസ്യമേഖലയിലെ ഇടപെടലുമെല്ലാം കൃത്യമായി തന്നെ നടക്കുന്നുണ്ട്‌. 20 സീറ്റുകളും ഇത്തവണ നേടിയെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്‌.

? കഴിഞ്ഞ തവണ ഒരു സീറ്റൊഴികെ മറ്റെല്ലാം നഷ്‌ടപ്പെട്ടപ്പോഴും യു.ഡി.എഫ്‌. തരംഗമെന്ന വിലയിരുത്തലിലാണ്‌ സി.പി.എം. പരാജയത്തെ മറച്ചത്‌. ഇത്തവണ ആ തരംഗമില്ലെന്നാണോ.

= കഴിഞ്ഞ തവണ യു.ഡി.എഫ്‌. തരംഗം മാത്രമല്ല; പല തരത്തിലുള്ള പ്രതികൂല ഘടകങ്ങളും ഉണ്ടായിരുന്നുവെന്നത്‌ യാഥാര്‍ത്ഥ്യമാണ്‌. നരേന്ദ്ര മോഡി വീണ്ടും വരുമെന്ന ഭയത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തി നല്ലതു പോലെ വോട്ട്‌ ശേഖരിക്കാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം നടത്തിയാണ്‌ കോണ്‍ഗ്രസ്‌ ഇത്തരത്തില്‍ വോട്ട്‌ ശേഖരണം നടത്തിയത്‌. ഇതോടെ 19 സീറ്റുകളിലും അവര്‍ക്ക്‌ ജയിക്കാന്‍ സാധിച്ചു. എന്നാല്‍, ഇത്തവണ അതല്ല അവസ്‌ഥ. ന്യൂനപക്ഷ വിഭാഗം രക്ഷകരായി കാണുന്നത്‌ സി.പി.എമ്മിനെയാണ്‌. രാഹുല്‍ ഒരു കാരണവശാലും പ്രധാനമന്ത്രിയാകില്ലെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മാത്രമല്ല, ആശയപരമായി തകര്‍ന്നടിഞ്ഞ അവസ്‌ഥയിലാണ്‌ കോണ്‍ഗ്രസ്‌. മുസ്ലിംലീഗ്‌ ഘടകകക്ഷിയായി തുടരുമ്പോഴും യു.ഡി.എഫിന്റെ പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും പാര്‍ട്ടി ക്കൊടി പോലും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്‌ഥ ഏത്രമാത്രം ദുരിതപൂര്‍ണ്ണമാണെന്ന്‌ ചിന്തിച്ചു നോക്കൂ. എല്ലാം മോദി........

© Mangalam


Get it on Google Play