തൃശൂര്‍ പൂരം എന്നത്‌ കേരളത്തിന്റെ സാംസ്‌കാരിക തലയെടുപ്പാണ്‌. കടല്‍കടന്ന്‌ എത്തുന്നവര്‍ ഉള്‍പ്പെടെ പതിനായിരങ്ങളെ ആഹ്‌ളാദത്തിന്റേയും ആവേശത്തിന്റേയും ഉന്മാദത്തിലേക്ക്‌ ഉയര്‍ത്തുന്ന സിംഫണി. വടക്കുംനാഥന്‍ ക്ഷേത്രത്തിലും ചുറ്റുമുള്ള തേക്കിന്‍കാട്‌ മൈതാനത്തുമായി നടക്കുന്ന പൂരോത്സവത്തിലേക്ക്‌ ഒഴുകിയെത്തുന്നവരെ പൂരപ്രേമികള്‍ എന്നുമാത്രമേ വിശേഷിപ്പിക്കാറുള്ളു. ജാതി, മത, രാഷ്‌ട്രീയ തിരിവുകള്‍ മൈതാനത്തിനു വെളിയില്‍മാത്രം. ഓരോ പൂരത്തേയും വിശാല സൗഹാര്‍ദത്തിന്റെ അഭിമാനക്കാഴ്‌ച്ചയായും പൂരപ്രേമികളെ പൂരം പെയ്‌തിറങ്ങുമ്പോള്‍ അതില്‍ അലിയുന്ന പുരുഷാരമായും കാല്‍പനികതയോടെ വര്‍ണിച്ചുപോന്നു. എന്നാല്‍, ഏകദേശം 200 വര്‍ഷത്തെ തൃശൂര്‍പൂര പാരമ്പര്യത്തിനു യോജിക്കാത്ത വിധത്തിലുള്ള അസ്വാരസ്യങ്ങളുടെ ചെറിയ മുഴക്കങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേള്‍ക്കാറുണ്ട്‌. ഇത്തവണ കാര്യങ്ങള്‍ കുറച്ചുകൂടി മോശമായി. പൂരപ്രേമികളെ തടഞ്ഞും ആക്രോശിച്ചും പോലീസ്‌ ഏര്‍പ്പെടുത്തിയ അതിരുവിട്ട നിയന്ത്രണങ്ങളുടെ ഫലമായി ഇത്തവണ പൂരം പ്രതിസന്ധിയിലായെന്നത്‌ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായി. ചരിത്രത്തിലാദ്യമായാണ്‌ തൃശൂര്‍ പൂരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്‌. കാഴ്‌ച്ചയുടേയും കേഴ്‌വിയുടേയും ലോകത്ത്‌ അനാവശ്യ നിയന്ത്രണങ്ങളില്ലാതെ പൂരം ആസ്വദിക്കാനുള്ള സാഹചര്യം തിരിച്ചുകൊണ്ടുവാന്‍ കഴിയണം.

പോലീസുകാരുടെ അമിത അധികാര പ്രയോഗത്തിനെതിരേ പൂരപ്രേമികള്‍ പരാതി പറയാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. എന്തും പ്രശസ്‌തവും വിജയമാകുന്നതും ജനങ്ങളുടെ പിന്തുണയും പങ്കാളിത്തവും വര്‍ധിക്കുമ്പോഴാണ്‌. വന്‍ ജനപിന്തുണയോടെ നടക്കുന്ന ഒരു പരിപാടിയുടെ വിജയകരമായ നടത്തിപ്പ്‌ ഉറപ്പാക്കേണ്ടത്‌ ലാത്തിവീശി അവരെ അടിച്ചോടിച്ചുകൊണ്ടാകരുത്‌. പൂരത്തിന്റെ കുടമാറ്റത്തിനുശേഷമുള്ള ചടങ്ങുകളെല്ലാം പോലീസ്‌ നിയന്ത്രണത്തെതുടര്‍ന്ന്‌ അലങ്കോലപ്പെട്ടു. പൂരം നടത്തിപ്പില്‍ വീഴ്‌ച്ച വരുത്തിയ സിറ്റി പോലീസ്‌ കമ്മിഷണര്‍ അങ്കിത്‌ അശോകനെ മണിക്കൂറുകള്‍ക്കക്കം സ്‌ഥലം മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ സുദര്‍ശനെയും സ്‌ഥലം മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയനു നിര്‍ദ്ദേശം നല്‍കേണ്ടിവന്നു.

വെള്ളിയാഴ്‌ച്ച അര്‍ധാരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ കൈയേറ്റം ചെയ്‌തും പോലീസ്‌ നിലമറന്നതോടെയാണ്‌ പൂരം ചടങ്ങുമാത്രമാക്കാന്‍ ദേവസ്വം തീരുമാനമെടുത്തത്‌. പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ വെടിക്കെട്ടു സ്‌ഥലത്തുനിന്ന്‌ ജീവനക്കാരേയും കമ്മിറ്റി അംഗങ്ങളേയും ഒഴിവാക്കാനുള്ള നീക്കവും തര്‍ക്കത്തിനിടയാക്കി. നാലുമണിക്കൂര്‍ വൈകിയാണ്‌ പൂരം വെടിക്കെട്ട്‌ നടത്താനായത്‌. ആനയ്‌ക്കു പട്ടയുമായി വന്നയാള്‍ക്കും കുടമാറ്റത്തിന്‌ എത്തിച്ച കുടയും കമ്മിഷണര്‍ തടയുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമാണ്‌. അദ്ദേഹത്തിന്റെ മോശം ഭാഷയും ആക്രോശവും അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുന്ന വിധമായി. കഴിഞ്ഞവര്‍ഷവും ഇതേ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ അമിതാധികാര പ്രയോഗം പൂരപ്രേമികള്‍ ചോദ്യം ചെയ്‌തിരുന്നു. ഇങ്ങനെയൊരു ഉദ്യോഗസ്‌ഥനെതന്നെ ചുമതല ഏല്‍പ്പിച്ചത്‌ സര്‍ക്കാരിന്റെ വീഴ്‌ച്ചയാണ്‌. കമ്മിഷണര്‍ ഉള്‍പ്പെടെ പൂരത്തിന്റെ ചുമതല വഹിച്ച ഉദ്യോഗസ്‌ഥരുടെ പിടിപ്പുകേടും ധാര്‍ഷ്‌ട്യവും എത്രത്തോളം ആയിരുന്നെന്ന്‌ അറിയാന്‍ മാധ്യമ വാര്‍ത്തകളും പൂരപ്രേമികളുടെ പ്രതികരണവും മാത്രമല്ല ആധാരം. പോലീസുമായി ബന്ധപ്പെട്ട വാട്‌്സാപ്പ്‌ ഗ്രൂപ്പുകളിലെല്ലാം പൂരം അലങ്കോലമാക്കിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ കടുത്ത വിമര്‍ശനമുണ്ട്‌. പൂരം അലങ്കോലമാക്കിയ പ്രതികളെ പോലീസ്‌ കൃത്യമായി തിരിച്ചറിഞ്ഞിരിക്കുന്നു ! . പൂരത്തിനു മങ്ങലേല്‍പ്പിച്ചതിനു പുറമേ കേരളാ പോലീസിനു കൂടിയാണ്‌ ഇവര്‍ നാണക്കേടായത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ നടന്ന പൂരത്തിനിടയിലുണ്ടായ അനിഷ്‌ട സംഭവങ്ങളുടെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളും ഉണ്ടായി. എന്തിലും മതവും ജാതിയും രാഷ്‌ട്രീയവും കലര്‍ത്തുന്ന സമീപനം വര്‍ധിക്കുന്നതിലെ അപകടം കേരളം ഗൗരവത്തോടെ ചര്‍ച്ചചെയ്യണം. തൃശൂര്‍ പൂരത്തെ സംബന്ധിച്ച്‌ പൂരപ്രേമികളുടെ വാക്കുകള്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്‌. പൂരം നടത്തിപ്പിന്‌ സ്‌ഥിരം സംവിധാനം വേണമെന്ന തിരുവമ്പാടി ദേവസ്വത്തിന്റെ നിര്‍ദേശം ശ്രദ്ധേയമാണ്‌. പൂരം വെറും ആഘോഷം മാത്രമല്ലെന്നും വലിയൊരു ചരിത്രത്തിന്റെ പിന്‍ബലത്തില്‍ ചിട്ടപ്രകാരം നടക്കുന്ന ചടങ്ങുകള്‍ പൂരത്തിന്റെ പൊലിമ കാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അറിയാത്തവരാകരുത്‌ പൂരം നടത്തിപ്പുകാര്‍. എറെ കഷ്‌ടപ്പെട്ടും പണം ചെലവഴിച്ചുമാണ്‌ സാധാരണക്കാരായ ആളുകള്‍ മണിക്കൂറുകളോളം മേളവും എഴുന്നള്ളത്തും വെടിക്കെട്ടും ഉള്‍പ്പെടെ ആസ്വദിക്കാനായി പൂരപ്പറമ്പിലേക്ക്‌ എത്തുന്നത്‌. ഇതൊന്നും ഉള്‍ക്കൊള്ളുകയോ മനസിലാക്കുകയോ ചെയ്യാതെ കാക്കിയിട്ടുവന്ന്‌ ലാത്തിവീശി ആളുകളെ പുറത്താക്കിയാല്‍ പൂരം ഗംഭീരമാകുമെന്ന്‌ കരുതുന്നവരെ പൂരപ്പറമ്പിലേക്ക്‌ ഇനിയെങ്കിലും അടുപ്പിക്കരുത്‌.

QOSHE - കാക്കിയും ലാത്തിയുമല്ല പൂരത്തില്‍ നിറയേണ്ടത്‌ - Mangalam Author
menu_open
Columnists Actual . Favourites . Archive
We use cookies to provide some features and experiences in QOSHE

More information  .  Close
Aa Aa Aa
- A +

കാക്കിയും ലാത്തിയുമല്ല പൂരത്തില്‍ നിറയേണ്ടത്‌

20 0
22.04.2024

തൃശൂര്‍ പൂരം എന്നത്‌ കേരളത്തിന്റെ സാംസ്‌കാരിക തലയെടുപ്പാണ്‌. കടല്‍കടന്ന്‌ എത്തുന്നവര്‍ ഉള്‍പ്പെടെ പതിനായിരങ്ങളെ ആഹ്‌ളാദത്തിന്റേയും ആവേശത്തിന്റേയും ഉന്മാദത്തിലേക്ക്‌ ഉയര്‍ത്തുന്ന സിംഫണി. വടക്കുംനാഥന്‍ ക്ഷേത്രത്തിലും ചുറ്റുമുള്ള തേക്കിന്‍കാട്‌ മൈതാനത്തുമായി നടക്കുന്ന പൂരോത്സവത്തിലേക്ക്‌ ഒഴുകിയെത്തുന്നവരെ പൂരപ്രേമികള്‍ എന്നുമാത്രമേ വിശേഷിപ്പിക്കാറുള്ളു. ജാതി, മത, രാഷ്‌ട്രീയ തിരിവുകള്‍ മൈതാനത്തിനു വെളിയില്‍മാത്രം. ഓരോ പൂരത്തേയും വിശാല സൗഹാര്‍ദത്തിന്റെ അഭിമാനക്കാഴ്‌ച്ചയായും പൂരപ്രേമികളെ പൂരം പെയ്‌തിറങ്ങുമ്പോള്‍ അതില്‍ അലിയുന്ന പുരുഷാരമായും കാല്‍പനികതയോടെ വര്‍ണിച്ചുപോന്നു. എന്നാല്‍, ഏകദേശം 200 വര്‍ഷത്തെ തൃശൂര്‍പൂര പാരമ്പര്യത്തിനു യോജിക്കാത്ത വിധത്തിലുള്ള അസ്വാരസ്യങ്ങളുടെ ചെറിയ മുഴക്കങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേള്‍ക്കാറുണ്ട്‌. ഇത്തവണ കാര്യങ്ങള്‍ കുറച്ചുകൂടി മോശമായി. പൂരപ്രേമികളെ തടഞ്ഞും ആക്രോശിച്ചും പോലീസ്‌ ഏര്‍പ്പെടുത്തിയ അതിരുവിട്ട നിയന്ത്രണങ്ങളുടെ ഫലമായി ഇത്തവണ പൂരം പ്രതിസന്ധിയിലായെന്നത്‌ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായി. ചരിത്രത്തിലാദ്യമായാണ്‌ തൃശൂര്‍ പൂരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്‌. കാഴ്‌ച്ചയുടേയും........

© Mangalam


Get it on Google Play